Wednesday, November 21, 2012

KGTE Malayalam Word Processing Lower and Higher Speed - Model question paper 21-11-2012 (4)


കേരളത്തിലെ ജാതി സമ്പ്രദായം
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച വൈകിയാണ് കേരളത്തിൽ ജാതിവ്യവസ്ഥകൾ നിലവിൽ വന്നത്. ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം നമ്പൂതിരിമാർ സ്വാധീനശക്തിയുള്ളവരായി മാറുകയും അതേ തുടർന്ന് മൃഗീയമായ ജാതി വ്യവസ്ഥകളും വാഴ്ചകളും നിലവിൽ വന്നു എന്നും കരുതപ്പെടുന്നു. സവർണ്ണരെന്നും അവർണ്ണരെന്നും ഉള്ള വ്യത്യാസം വർണ്ണത്തെ അടിസ്ഥാനമാക്കിയാണെങ്കിലും അതിലുപരി മറ്റു പല ഒളിഞ്ഞിരിക്കുന്ന വസ്തുതകളും ജാതി നിർണ്ണയത്തിൽ പ്രതിഫലിച്ചുകാണാം.
ഇന്ത്യയിലെ തന്നെ ജാതിവ്യവസ്ഥക്ക്‌ രണ്ട്‌ സിദ്ധാന്തങ്ങൾ ആണ്‌ നിലവിലുള്ളത്‌. ഒന്ന് ആര്യന്മാർ ഇന്ത്യയിൽ വരുന്നതിനു മുന്നേ തന്നെ ഇവിടെ ജാതി സമ്പ്രദായങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്നും മറ്റേത്‌ ആര്യന്മാരാണ്‌ ജാതി സമ്പ്രദായം ആരംഭിച്ചതെന്നുമാണ്‌. ആദ്യത്തേതിന്‌ തെളിവുകളുടെ പിൻബലമില്ല. ആര്യന്മാരുടെ വരവിനു മുന്ന് ഇവിടെ ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. അതിനാൽ രണ്ടും ഖണ്ഡിക്കുക പ്രയാസമാണ്‌. എന്നാൽ ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ്‌ സംഘകാലത്തേത്‌. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല.
പൊതുവേ പറഞ്ഞാൽ സംഘകാലത്തോ അതിനു മുമ്പോ തെക്കേ ഇന്ത്യയിൽ ഇന്നു കാണുന്ന മട്ടിലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല. ഗംഗാസമതലത്തിൽ നിന്ന് പിൽക്കാലത്തു നടന്ന കുടിയേറ്റങ്ങൾക്കു ശേഷമാണ് പഴയ സ്ഥിതിക്കു മാറ്റം വരുന്നത്. ഉത്തരേന്ത്യൻ ജനപദങ്ങളിൽ നിന്ന് ‍ ക്രി.വ. നാലാം നുറ്റാണ്ടുമുതലായിരിക്കണം തെക്കൻ ദേശങ്ങളിലേക്ക് കൂട്ടത്തോടെയുള്ള അധിനിവേശം ആരംഭിച്ചത്‌. [Lower – 1263/1399] അതിനു മുന്നേ തന്നെ ഉത്തരേന്ത്യയിൽ അനിഷേധ്യ മേധാവിത്വം ഉറപ്പിച്ചിരുന്ന അവർ ആദ്യം ചെറിയ കുലങ്ങളേയും മറ്റും എതിർത്ത്‌ തോൽപ്പിച്ചു. കൂടുതൽ എതിർപ്പ്‌ പ്രകടിപ്പിച്ചവരേയും അവർക്ക്‌ ഭയമുണ്ടായിരുന്ന വർഗ്ഗത്തേയും അവർ ദസ്യുക്കൾ എന്നാണ്‌ വിളിച്ചിരുന്നത്‌ അവർക്ക്‌ കീഴ്‌പെട്ട വരെ അവർക്ക്‌ അഭിമതരായ ജാതിക്കാരാക്കി മാറ്റി. എന്നാൽ അവർക്ക്‌ കീഴ്‌പെടുത്താനാവാത്തവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗമാണ്‌ ജാതിവ്യവസ്ഥ. ദ്രാവിഡ രാജാക്കന്മാരുമായി സഹൃദത്തിലായി അവർക്ക്‌ ക്ഷത്രിയ പദവി കൽപിച്ചു നൽകി ബ്രാഹ്മണർക്ക്‌ തൊട്ടു താഴെയുള്ള സ്ഥാനക്കാരാക്കി. ദ്രാവിഡ ദൈവങ്ങൾക്ക്‌ വേദ പരിവർത്തനം നടത്തി ആര്യന്മാരാക്കി. വടക്കേ ഇന്ത്യയിലെ അന്നത്തെ ദൈവമായ പശുപതിയെ ബ്രാഹ്മണദൈവമാക്കപ്പെട്ടു, ദക്ഷിണേന്ത്യയിലെ കുറവരുടെ ദൈവമായ മുരുകനെ ശിവപുത്രനായ കാർത്തികേയനായും മറവരുടെ കൊറ്റവയെ പാർവതിയായും ആയന്മാരുടെ ദൈവമായ മായോനെ കൃഷ്ണനായും വെള്ളാളരുടെ ഇന്ദ്രനെ ആര്യന്മാരുടെ ഇന്ദ്രനായും പരവരുടെ വരുണനെ വിഷ്ണുവായും മത പരിവർത്തനം നടത്തപ്പെട്ടു. [Higher – 2079/2303]

Tuesday, November 20, 2012

KGTE Malayalam Word Processing Lower and Higher Speed - Model question paper 21-11-2012 (3)


കൂടൽമാണിക്യം ക്ഷേത്രം
ഭരതന്റെ ‍പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്. ഈ ക്ഷേത്രത്തിൻറെ ‘മാണിക്യം’ എന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം. ജൈനസംന്യാസിമാരെ മാണിക്കൻ എന്ന സംജ്ഞ ചേർത്ത് വിളിച്ചിരുന്നു. കൂടൽ എന്നത് പണ്ട് കാലത്ത് രണ്ടു നദികൾ സംഗമിച്ചിരുന്നിടമായതിനാൽ വന്നതാകാം എന്നും കരുതുന്നു. കൂടക്കല്ലിന്റെ ലോപമാണ്‌ എന്നും ഒരഭിപ്രായമുണ്ട്. അക്കാലത്ത് ജൈന സന്യാസിമാർ കൂടിച്ചേർന്നിരുന്ന സംഗമസ്ഥാനമായതിനാലാണ്‌ എന്നും അതല്ല ബുദ്ധമതവും ജൈനമതവും ഒത്ത് ചേർന്നിരുന്ന സ്ഥലമായതിനാലാണ്‌ കൂടൽ എന്നും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്.
ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റേ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും, കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും, പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും [Lower – 1261/1387] ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു എന്നും ആ കാലഘട്ടത്തിൽ കുലിപനി മഹർഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികർമ്മങ്ങൾ നിർവഹിച്ചു എന്നും പറയപ്പെടുന്നു. മഹർഷിയുടെ യാഗം ഈ പ്രദേശത്തെ ധന്യമാക്കി എന്നാണ് വിശ്വാസം. അന്നുപയോഗിച്ച ഹോമകുണ്ഠങ്ങളിൽ ഒന്നാണ്‌ കുലിപനിതീർത്ഥങ്ങളിൽ ഇന്നും കാണുന്നത് എന്നും വിശ്വസിക്കുന്നു. ദിവ്യനദികളുടെ സാന്നിദ്ധ്യം ഈ തീർത്ഥക്കുളത്തിൽ ഉണ്ട് എന്നാൺ വിശ്വാസം. യജ്ഞത്തിന്റെ അവസാനം ഭഗവാന്റെ ശാശ്വത സാന്നിദ്ധ്യമാണ് മഹർഷി വരമായി ആവശ്യപ്പെട്ടത്. മഹർഷിയുടെ അപേക്ഷപ്രകാരം യാഗം നടന്ന സ്ഥലത്ത് നിത്യസാന്നിദ്ധ്യം ചെയ്തു കൊള്ളാമെന്ന് വിഷ്ണുഭഗവാൻ അരുളിചെയ്ത് അനുഗ്രഹിച്ചു. ഗംഗ,യമുന,സരസ്വതി എന്ന പുണ്യനദികളെ അവിടേക്ക് വരുത്തി “കുലീപിനി“ എന്ന പേരിൽ ഒരു തീർത്ഥം സൃഷ്ടിച്ചു. [Higher – 2024/2229] പിന്നീട് കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഇവിടെ ക്ഷേത്രനിർമ്മാണവും പ്രതിഷ്ഠയുമുണ്ടായത് എന്നാണ് വിശ്വാസം. 

KGTE Malayalam Word Processing Lower Speed - Model question paper 21-11-2012


നമ്പ്യാർ

ഹിന്ദു മതത്തിൽപ്പെടുന്ന നായർ സമുദായത്തിലെ ഒരു ഉപവിഭാഗമാണ് നമ്പ്യാർ. കോരപ്പുഴയുടെ വടക്കായിട്ട് മലബാറിലാണ് നമ്പ്യാന്മാർ കൂടുതലായി ഉള്ളത്. ഈ ജാതിയിൽ പെടുന്നവർ തങ്ങളുടെ പേരിന്റെ കൂടെ നമ്പ്യാർ എന്ന് ചേർക്കാറുണ്ട്. പണ്ടുകാലത്ത് സാമന്തന്മാർ, നാടുവാഴികൾ, പടക്കുറുപ്പന്മാർ, ജന്മികൾ എന്നിങ്ങനെയുള്ള വ്യത്യസ്തമായ കർമ്മമണ്ഡലങ്ങളിൽ നമ്പ്യാർ ജാതിയിൽപ്പെട്ടവർ ഉണ്ടായിരുന്നു. 1920-ൽ ബ്രാഹ്മണർ നമ്പ്യാർമാരുമായുള്ള വിവാഹത്തിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങുന്നതുവരെ നായർ സ്ത്രീകൾക്കും ബ്രാഹ്മണപുരുഷന്മാർക്കും ഉണ്ടാകുന്ന കുട്ടികളാണ് നമ്പ്യാർ ആയി അറിയപ്പെട്ടിരുന്നത്.. കടത്തനാട്ടിലെ രാജാവ് ഈ ജാതിയിൽപ്പെട്ട വ്യക്തിയായിരുന്നു.

നമ്പൂതിരിയുവാക്കൾക്കും നായർയുവതികൾക്കും ഉണ്ടാകുന്ന കുഞ്ഞുങ്ങളായിരുന്നു നമ്പ്യാന്മാർ എന്നതിൽ നിന്ന് നമ്പൂതിരി, നായർ എന്നീ വാക്കുകൾ കൂടിച്ചേർന്നുണ്ടായതാണ് നമ്പ്യാർ എന്ന് അനുമാനിക്കാം. നമ്പുക എന്ന വാക്കിനർത്ഥം വിശ്വസിക്കുക എന്നതാകയാൽ നമ്പ്യാർ എന്നതിന് വിശ്വസിക്കാവുന്നവർ എന്നൊരർത്ഥവും കണ്ടേക്കാം. സാമൂതിരിയുടെ തികഞ്ഞ അഭ്യാസികളായ പടയാളികൾ ആയിരുന്നു നമ്പ്യാർ സ്ഥാനമുള്ളവർ. "നമ്പ്യയം ചെയ്യുക" എന്ന യുദ്ധ പ്രാരംഭ ചാവേർ പോരാട്ടത്തിനു നിയോഗിക്കപ്പെട്ടവരായിരുന്നു ഇവർ. യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ശത്രുവിന് തങ്ങളുടെ ശക്തി മനസിലാക്കി കൊടുക്കാൻ ചുരുങ്ങിയ എണ്ണത്തിലുള്ള നമ്പ്യാർമാർ ചാവേറുകളായി ശതുവിന്റെ വലിയ സൈന്യവുമായി എറ്റുമുട്ടി പരമാവധി ആൾക്കാരെ കൊന്നു മരണം വരിക്കുന്നു. ഇതിനെ ആണ് "നമ്പ്യയം ചെയ്യുക" എന്ന് പറയുന്നത്. ചുരുങ്ങിയ പടയാളികളുടെ ധീരമായ ഏറ്റുമുട്ടലിൽ ഭയന്നു ശത്രു സൈന്യം പിൻവാങ്ങും. അങ്ങനെ ഭീകരമായ യുദ്ധം തടയ്ന്നതിനു വേണ്ടിയുള്ള ഒരു ധീരമായ ചടങ്ങായിരുന്നു ഇത്. [Lower – 1329/1464]

KGTE Malayalam Word Processing Lower and Higher Speed - Model question paper 21-11-2012 (2)


അയ്യങ്കാളി

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻ‌കാളി. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻ‌കാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യനേതാവായിമാറി.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ 1863 ഓഗസ്റ്റ് 28നാണ് അയ്യൻ‌കാളി ജനിച്ചത്. ചിങ്ങമാസത്തിലെ അവിട്ടമാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രം.അച്ഛൻ പെരുങ്കാട്ടുവിള വീട്ടിൽ അയ്യൻ. അമ്മ മാല. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് അയ്യൻ‌കാളിയായി. എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യൻ‌കാളി ജനിച്ചുവീണത്. പറയർ‍, പുലയർ തുടങ്ങിയ അധഃസ്ഥിതർക്ക് തിരുവിതാംകൂറിലും കേരളത്തിന്റെ ഇതരഭാഗങ്ങളിലും പാടത്തു പണിയെടുക്കുന്ന കന്നിന്റെ വിലയേ ജന്മിമാർ കല്പിച്ചു നൽകിയുരുന്നുള്ളൂ. ദാരിദ്ര്യവും അവഗണനയും അപമാനങ്ങളും മാത്രമായിരുന്നു കാളിയുടെ മാതാപിതാക്കളുടെയും സമുദായാംഗങ്ങളായ മറ്റുള്ളവരുടെയും സമ്പാദ്യം. അക്കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായത്തെ കണ്ടിരുന്നത്. ആയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല. [Lower – 1295/1417] സ്വസമുദായത്തിന്റെ അധഃകൃത ചുറ്റുപാടുകൾ ആ മനസ്സിനെ അസ്വസ്ഥമാക്കി.
ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതർക്കു കല്പിച്ചു നൽകിയ ധർമ്മം. പാടത്തു പണിയെടുത്തുവരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതർ രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല; ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്കരണങ്ങളാൽ ദുരിതപൂർവമായിരുന്നു അയ്യൻ‌കാളി ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീ‍വിതം. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല. [Higher – 1978/2164]

KGTE Malayalam Word Processing Lower and Higher Speed - Model question paper 21-11-2012 (1)


കഥകളി
കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് ‍കഥകളി. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറ, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു. കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ പാട്ടുകാർ പിന്നിൽനിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങേത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയ്ക്ക് നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഇളവാക്കുന്ന കലയാണ് കഥകളി.
പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌. കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌. 1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്. കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിറുത്തുന്ന രീതിയും [Lower – 1256/1379] വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്.  എത്യോപ്യയിലെ പരമ്പരാഗതവേഷമാണ്‌ ഇതിനു പ്രചോദനമായിട്ടുള്ളത്. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.
കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.  കഥകളിയുടെ സാഹിത്യരൂപമാണു് ആട്ടക്കഥ. ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃക പിന്തുടരുന്ന സംസ്കൃതനാടകങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും ആട്ടക്കഥകളിൽ പ്രകടമാണ്. [Higher – 2057/2247]

Wednesday, November 14, 2012

KGTE Malayalam Word Processing Lower and Higher Speed - Model question paper 14-11-2012 (2)


മോഹിനിയാട്ടം
മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നു. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൽ സ്വാതിതിരുനാൾ ബാലരാമവർമ്മയുടെ സ്ഥാനാരോഹണത്തോടെയാണു മോഹിനിയാട്ടത്തിനു ഒരു പുതിയ ഉണർവുണ്ടായത്. ബഹുഭാഷാപണ്ഢിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്പുരാൻ‍ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു. നാടിന്റെ നാനാഭാഗത്തുനിന്നുള്ള നർത്തകികളെ അദ്ദേഹം തന്റെ സദസ്സിലേക്ക് ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. വിദഗ്ദ്ധകളായ മോഹിനിയാട്ടം നർത്തകിമാരെ തന്റെ സദസ്സിലേയ്ക്ക് അയച്ചു തരുവാൻ ആവശ്യപ്പെട്ടുകൊണ്ട്‌ അദ്ദേഹം മീനച്ചിൽ കർത്തായ്ക്ക്‌ എഴുതിയ കത്തിന്റെ പതിപ്പ്‌ തിരുവനന്തപുരം ഗ്രന്ഥപ്പുരയിൽ കാണാം. [1225/1326]
സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌. ഭരതനാട്യവുമായി നിരന്തരസമ്പർക്കം നിലനിന്നിരുന്ന ഈ കാലഘട്ടത്തിൽ തന്നെയായിരിക്കണം മോഹിനിയാട്ടവും ഭരതനാട്യം ശൈലിയിലുള്ള കച്ചേരി സമ്പ്രദായത്തിൽ അവതരിപ്പിച്ചു തുടങ്ങിയത്‌. ഇതിനു മുമ്പ് മോഹിനിയാട്ടത്തിൽ അവതരിപ്പിച്ചിരുന്ന ഇനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണങ്ങൾ വെളിപ്പെട്ടിട്ടില്ല. എന്തായാലും സദിരിൽ നിന്നും ഭരതനാട്യത്തിലെത്തി നിന്നിരുന്ന ദാസിനൃത്തത്തിനും, തേവിടിശ്ശിയാട്ടത്തിലൂടെ മോഹിനിയാട്ടമായ കൈരളിയുടെ സ്വന്തം ലാസ്യനൃത്തത്തിനും ഒരേ മാതൃകയിലുള്ള അവതരണരീതി കൈവന്നത്‌ തികച്ചും യാദൃച്ഛികമാകാൻ നിവൃത്തിയില്ല.
ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്രപഠനത്തിനുള്ളത്. ഇന്ത്യയിലെ മറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, [Higher – 2017/2183] അതിന്റെ പിന്തുടർച്ചയായി വന്ന തേവിടിശ്ശിയാട്ടത്തിന്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നു വാദിക്കുന്നവരുണ്ട്. എങ്കിലും ഇതിനു ഉപോൽബലകമായ തെളിവുകൾ ചരിത്രരേഖകളിൽ തുലോം കുറവാണ്. "മോഹിനിയാട്ട"ത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമർശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണൻ നമ്പൂതിരി കൃസ്ത്വബ്ദം 1709-ൽ എഴുതിയതെന്നു കരുതപ്പെടുന്ന വ്യവഹാരമാലയിലാണ്. പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. നാരായണൻ നമ്പൂതിരിക്ക് സമകാലീനനായിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമർശമുണ്ട്.