Thursday, November 22, 2012

KGTE Malayalam Word Processing Lower Speed - Model question paper 23-11-2012 (2)


അമ്മച്ചിപ്ലാവ്

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്തു നില്ക്കുന്ന ചരിത്രപ്രസിദ്ധമായ പ്ലാവ്. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന രാമവർമ മഹാരാജാവ് ദുർബലനായിരുന്നതിനാൽ യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമയായിരുന്നു രാജ്യകാര്യങ്ങൾ നോക്കിയിരുന്നത്. ഇക്കാലത്ത് രാജശക്തിയെ പ്രബലമാക്കാനും അതിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന പ്രഭുശക്തിയെ അമർച്ച ചെയ്യാനും അദ്ദേഹം ശ്രമം തുടങ്ങി. തന്നിമിത്തം പ്രഭുക്കന്മാരിൽ ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി. യുവരാജാവിനു സ്വൈരസഞ്ചാരം സാധ്യമായിരുന്നില്ല. പലപ്പോഴും അദ്ദേഹത്തിനു പ്രച്ഛന്നവേഷനായി യാത്രചെയ്യേണ്ടിവന്നു. ഒരിക്കൽ നെയ്യാറ്റിൻകരയിൽ വച്ചു ശത്രുക്കളുടെ കൈയിലകപ്പെടുമെന്ന നിലയിലെത്തിയ യുവരാജാവ് അടുത്തു കണ്ട ഇഞ്ചപ്പടർപ്പിനിടയിൽ അഭയംതേടി. അവിടെ ഒരു വലിയ പ്ലാവ് നിന്നിരുന്നു. ശത്രുഹസ്തങ്ങളിലകപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ ആലോചിച്ചുകൊണ്ടു നില്ക്കുമ്പോൾ അദ്ദേഹത്തിന്റെ മുൻപിൽ ഒരു ബാലൻ പ്രത്യക്ഷനായി എന്നും 'ഈ പ്ലാവിന്റെ പൊത്തിൽ കടന്നുകൊള്ളുക' എന്നു പറഞ്ഞിട്ട് ബാലൻ ഓടിമറഞ്ഞുവെന്നും ഐതിഹ്യമുണ്ട്. അദ്ദേഹം ആ പ്ലാവിന്റെ വലിയ പൊത്തിൽ കയറി ഒളിച്ചിരുന്നു. അദ്ദേഹത്തെ പിൻതുടർന്നുവന്നവർ അവിടെയെല്ലാം തിരഞ്ഞിട്ടും കാണാതെ നിരാശപ്പെട്ടു മടങ്ങി. ശത്രുക്കൾ വളരെ ദൂരെയായി എന്നു ബോധ്യമായപ്പോൾ യുവരാജാവ് അവിടെനിന്നിറങ്ങി രക്ഷപ്പെട്ടു. ഇതിന്റെ സ്മാരകമായി മാർത്താണ്ഡവർമ മഹാരാജാവ് 1757-ൽ ആ സ്ഥാനത്ത് ഒരു ക്ഷേത്രം പണിയിച്ച് ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു. ക്ഷേത്രവളപ്പിനകത്തു വടക്കു പടിഞ്ഞാറെ കോണിലായി നില്ക്കുന്ന പ്ലാവിനെ അമ്മച്ചിപ്ലാവ് എന്നു പറഞ്ഞുപോരുന്നു.  [Lower 1275/1397] അമ്മച്ചിപ്ലാവിന് 1500-ൽപ്പരം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് വിദഗ്ധാഭിപ്രായം.

No comments:

Post a Comment